പാഷൻഫ്രൂട്ട് ജാം മുതൽ പൊങ്ങുലഡു വരെചാവക്കാട്: പതിനഞ്ചാമത് തൃശൂർ റവന്യു ജില്ലാ സ്കൂൾ ശാസ്ത്രോത്സവവും കേരള സ്കൂൾ സ്കിൽ ഫെസ്റ്റിവലും മമ്മിയൂർ എൽഎഫ്സിജി എച്ച്എസ്എസിൽ തുടങ്ങി. എൻ.കെ. അക് ബർ എംഎൽഎ വെള്ളത്തിൽ ദീപം തെളിയിച്ച് മേള ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയർപേഴ്സണ് ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ പി.എം. ബാലകൃഷ്ണൻ, പ്രസന്ന രണദിവെ, ബേബി ഫ്രാൻസിസ്, പി. നവീന, ഡി. ശ്രീജ, ഡിഇഒ ടി. രാധ തുടങ്ങിയവർ പ്രസംഗിച്ചു.
സമാപനസമ്മേളനം ഇന്നു വൈകിട്ട് 5.30ന് മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം ചെയ്യും. എൻ.കെ. അക്ബർ എംഎൽഎ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, ചാവക്കാട് നഗരസഭാധ്യക്ഷ ഷീജ പ്രശാന്ത്, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ എന്നിവർ മുഖാതിഥികളാകും.
സ്കില് ഫെസ്റ്റിനും തുടക്കം
ചാവക്കാട്: ജില്ലാ ശാസ്ത്രോത്സവത്തിനൊപ്പം കേരള സ്കൂൾ സ്കിൽഫെസ്റ്റിനും തുടക്കമായി.
വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗം എൻഎഫ്ക്യുഎഫ് കോഴ്സുകളിലെ വിദ്യാർഥികൾ പഠനപ്രക്രിയയുടെ ഭാഗമായി ആർജിച്ചെടുത്ത തൊഴിൽനൈപുണികളുടെ പ്രദർശനവും വില്പനയുമാണ് നൈപുണ്യമേളയിലൂടെ ലക്ഷ്യമിടുന്നത്.
തൃശൂർ, ഇടുക്കി ജില്ലകളിലെ 52 വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ വിദ്യാർഥികളാണ് പാഠ്യപദ്ധതിയുടെ ഭാഗമായി നിർമിച്ച ഉത്പന്നങ്ങൾ പ്രദർശനത്തിന് ഒരുക്കിയത്.
എൻജിനീയറിംഗ്, ഐടി, അഗ്രികൾച്ചർ, പാരാമെഡിക്കൽ, ആനിമൽ ഹസ്ബൻഡറി, ഫിഷറീസ്, കൊമേഴ്സ്, ബിസിനസ്, ട്രാവൽ ആൻഡ് ടൂറിസം, ഫാഷൻ ടെക്നോളജി, കോസ്മെറ്റോളജി തുടങ്ങിയ പഠനശാഖകളിലെ അറുപതോളം സ്റ്റാളുകളിലായി അഞ്ഞൂറിൽപരം വിദ്യാർഥികൾ പങ്കെടുക്കുന്നു.പ്രവേശനം സൗജന്യമാണ്. ഉത്പന്നങ്ങൾ വാങ്ങാനും സാധിക്കും.
പാഷൻഫ്രൂട്ട് ജാം മുതൽ പൊങ്ങുലഡു വരെ
ഗുരുവായൂർ: കൊതിയൂറുംവിഭവങ്ങൾ ഒരുക്കി വിദ്യാർഥികളുടെ പാചകവിരുത്. ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന പ്രവൃത്തിപരിചയമേളയിലെ പോഷകാഹാരം തയാറാക്കൽ മത്സരത്തിലാണ് വിവിധതരം വിഭവങ്ങളൊരുങ്ങിയത്.
മത്സരാർഥികളിൽ ഏറെപ്പേർ പാഷൻഫ്രൂട്ട് കൊണ്ടുള്ള വിഭവങ്ങളാണ് തയറാക്കിയത്. പൊങ്ങുപായസം, മത്തങ്ങ അട, ശംഖുപുഷ്പം കൊണ്ടുള്ള സ്ക്വാഷ്, വാഴപ്പൂവ് ബജി, ഹെർബൽ ജ്യൂസ്, പച്ചക്കായ പൊള്ളിച്ചത്, റാഗി അട, ഷേയ്ക്ക് ജ്യൂസിനു പകരക്കാരനായ കൂൾമിക്സ് തുടങ്ങിയ വിഭവങ്ങൾ മേശയിൽ നിരന്നു.
മൂന്നു മണിക്കൂർകൊണ്ട് 12 വിഭവങ്ങളായിരുന്നു തയാറാക്കേണ്ടത്. മത്സരത്തിൽ ആണ്കുട്ടികൾ കുറവായിരുന്നു.
വിജയികളെ കാത്ത്
ട്രോഫികൾ തയാർ
ചാവക്കാട്: പന്ത്രണ്ട് ഉപജില്ലകളിൽനിന്നെത്തുന്ന 6200ഓളം വിദ്യാർഥികളെ കാത്ത് ഒരു മുറി മുഴുവൻ കപ്പുകൾ ഒരുക്കി. റവന്യു ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൽ ഈ കപ്പുകൾ ആരുനേടുമെന്ന് ഇന്നറിയാം. കൊടുങ്ങല്ലൂർ കെ. ബിന്ദു ടീച്ചറുടെ ഓർമയ്ക്കായി ഹയർ സെക്കൻഡറി വിഭാഗം ഗണിതമേളയിൽ ബെസ്റ്റ് സ്കൂളിനു നൽകുന്ന ആറടിയോളം ഉയരമുള്ള എവർറോളിംഗ് ട്രോഫിയാണ് ഇതിലെ രാജാവ്.
അടുക്കള ശ്രീകൃഷ്ണയിൽ
ഗുരുവായൂർ: മേളയിൽ പങ്കെടുക്കുന്ന 3500 പേർക്കുള്ള ഭക്ഷണം തയാറാക്കുന്നത് ശ്രീകൃഷ്ണ സ്കൂളിലാണ്. നല്ലങ്കര സുരേഷ് ബാബുവിന്റെ നേതൃത്വത്തിലാണു വിഭവസമൃദ്ധമായ ഭക്ഷണം. ഇവിടെ തയാറാക്കുന്ന ഭക്ഷണം മറ്റു കേന്ദ്രങ്ങളിലെത്തിക്കും. ഇന്നലെ ഗോതന്പുപായസമുൾപ്പെടെയുള്ള വിഭവങ്ങളായിരുന്നു. ഇന്ന് ഉച്ചയ്ക്കു ദേവസ്വത്തിന്റെ വക പാൽപായസം വിളന്പും.